കൊല്ലം: ചിങ്ങപ്പുലരിയില്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മറക്കാനാകാത്ത സമ്മാനമൊരുക്കി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പാരിപ്പള്ളി രേവതി സിനിമാക്സിന്റെ സഹകരണത്തോടെ കുട്ടികളെ തിയറ്ററിലെത്തിച്ച് സിനിമ കാണിച്ചു. പലര്‍ക്കും ഇത് ആദ്യ സിനിമാ തിയറ്റര്‍ അനുഭവമായിരുന്നു.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയിച്ച തുടക്കം സിനിമയാണ് കുട്ടികള്‍ കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡും സെക്രട്ടറി ബിജു ശിവദാസനും കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു. രേവതി സിനിമാക്സ് ഉടമ സൂരജ് കുട്ടികളെ സ്വീകരിക്കുകയും ഇടവേളയില്‍ ഭക്ഷണം നല്‍കുകയും ചെയ്തു.
അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ തിയറ്റര്‍ സന്ദര്‍ശനം. ഇത്തവണത്തെ ഓണാഘോഷവും ബഡ്സ് സ്കൂള്‍ വിദ്യാര്ഥികള്ക്കൊപ്പമാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമെന്ന് ജിനോക്കി എഡ്വേര്‍ഡ് പറഞ്ഞു.